സ്കൂളിലേക്കുള്ള യാത്ര
എല്ലാം കൂടി ഒരു പത്ത് മിനിറ്റ് നടത്തം കാണും സ്കൂളിലേക്ക്. ഒരു വലിയ കയറ്റത്തിന്റെ മുകളിലാണ് എന്റെ സ്കൂൾ. സ്കൂൾ യാത്ര നല്ല രസകരമാണ്. വീട്ടിൽ നിന്നും ഇരട്ടസഹോദരിക്കൊപ്പം വാചകമടിച്ച് കാഴ്ചകളൊക്കെ കണ്ട് അങ്ങനെ നടന്നു പോകും. പോകുന്ന വഴിയിൽ വീടുകൾ കുറവാണ്, ഒരുപാട് കാഴ്ചകൾ ഒന്നുമില്ല. എങ്കിലും എന്തെങ്കിലും പുതുമ എന്നും ഞങ്ങളുടെ യാത്രകളിൽ കാണും. ടാറിട്ട റോഡിൽ നിന്നും ഒരു കൊച്ചു ഇടവഴിയിലൂടെയാണ് യാത്ര. രാവിലെ ഉദിച്ചു വരുന്ന സൂര്യന്റെ ചൂടിന് കുട പിടിച്ചു പോകാൻ തോന്നിയിട്ടില്ല.
ആ ചൂടും വെയിലും നന്നായി ആസ്വദിച്ചാണ് യാത്ര. ദൂരെ നിന്നു കാണാം ചുവന്ന് തളിർത്ത് നിൽക്കുന്ന ഗുൽമോഹർ. ഗുൽമോഹറിന്റെ ചുവട്ടിലെ മണ്ണിനോട് ചേർന്ന് കിടപ്പുണ്ട് അതിലെ പൂക്കൾ. ആ പൂക്കൾ പെറുക്കും, അതിന്റെ ഇതളുകൾ വേർത്തിരിച്ച് നഖത്തിൽ ചേർത്ത് ഒട്ടിക്കും, സിനിമയിൽ കണ്ടിട്ടുള്ള യക്ഷിയുടെ നഖം പോലെ. നടന്നുകൊണ്ടാണ് നഖം ഒട്ടക്കുന്നത്.
പിന്നെ എന്നെ ഭയപ്പെടുത്തിയ ഒരു വീടുണ്ട്, ഭയത്തിന്റെ കാരണം അവിടുത്തെ പട്ടി. അതിനെ ആ വീട്ടുകാർ പൂട്ടിയിടാറില്ല. പക്ഷെ ഇതുവരെ അത് എന്നെ കടിച്ചിട്ടില്ല, ഭാഗ്യം. വീണ്ടും മെയിൻ റോഡ് അതിന്റെ എതിർ വശത്തു ചെറിയ ഒരു തോടുണ്ട്. അതിലെ വെള്ളം നിറഞ്ഞു റോഡിലൂടെയാണ് ഒഴുകുന്നത് . ഷൂസ് ഇട്ട കാലുകളിൽ വെള്ളം കയറാതെ നോക്കണം, അതുകൊണ്ട് നടത്തത്തിന്റെ സ്പീസ് മെല്ലെയാകും. പിന്നെ വഴിയരിക്കിലെ കാപ്പി ചെടി , നിറയെ സുഗന്ധമുള്ള പൂക്കൾ ഞങ്ങൾ അവ പറിച്ചു ബാഗിലാക്കും കൂട്ടുകാർക്ക് കൊടുക്കാൻ.
പിന്നെ ആ വലിയ കയറ്റം അന്നൊക്കെ കൊടുമുടി കീഴടക്കിയ സന്തോഷമാണ് കയറ്റം കയറി കഴിഞ്ഞാൽ .ഞാനും സഹോദരിയും കൂടി ഒരു മത്സരം വയ്കും. ആരാണ് കയറ്റം കയറി ആദ്യം എത്തുന്ന തെന്ന്. ഈ ഭാരിച്ച ബാഗുമായുള്ള മത്സരത്തിൽ വിജയം എന്നും എന്റെ സഹോദരിക്കൊപ്പം. ഞാൻ കയറ്റം താണ്ടി എത്തുമ്പോൾ സ്കൂൾ ബെല്ല് അടിക്കും.
Comments
Post a Comment